Wednesday, May 16, 2007

ശ്രീമദ്‌ ഭഗവത്ഗീത തുടര്‍ച്ച 1- 22-25

22. യാവദേതാന്‍ നിരീക്ഷേഹം
യോദ്ധുകാമാനവസ്ഥിതാന്‍
കൈര്‍മ്മയാ സഹ യോദ്ധവ്യ-
മസ്മിന്‍ രണസമുദ്യമേ

അസ്മിന്‍ രണസമുദ്യമേ = ഈ യുദ്ധത്തില്‍
കൈഃ സഹ മയാ യോദ്ധവ്യം= ആരോടൊക്കെയാണോ എനിക്കു യുദ്ധം ചെയ്യേണ്ടി വരിക
യോദ്ധുകാമാന്‍ ഏതാന്‍ = യുദ്ധം ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഇവരെ
യാവത്‌ അഹം നിരീക്ഷേ = എവിടെ നിന്നാല്‍ എനിക്കു നല്ലവണ്ണം കാണുവാന്‍ സാധിക്കുമോ
(താവത്‌ രഥം സ്ഥാപയ= അവിടെ രഥം നിര്‍ത്തിയാലും)

23. യോല്‍സ്യമാനാനവേക്ഷേഹം
യ ഏതേത്ര സമാഗതാഃ
ധാര്‍ത്തരഅഷ്ട്രസ്യ ദുര്‍ബുദ്ധേര്‍
യുദ്ധേ പ്രിയചികീര്‍ഷവഃ

ദുര്‍ബുദ്ധേഃ ധാര്‍ത്തരാഷ്ട്രസ്യ = ദുര്‍ബുദ്ധിയായ ദുര്യോധനന്‌
പ്രിയചികീര്‍ഷവഃ = പ്രിയം ചെയ്യുന്നവരായ
അത്ര സമാഗതാഃ = ഇവിടെ കൂടിയിട്ടുള്ള
യേ ഏതേ = ഇവര്‍ ആരൊക്കെയാണോ
യോല്‍സ്യമാനാന്‍ (താന്‍) യുദ്ധംചെയ്യുന്നവ്രായ അവരെ
അഹം അവേക്ഷേ = ഞാന്‍ കാണട്ടെ.

സഞ്ജയ ഉവാച = സഞ്ജയന്‍ പറഞ്ഞു

24. ഏവമുക്തോ ഹൃഷീകേശോ
ഗുഡാകേശേന ഭാരത
സേനയോരുഭയോര്‍മ്മദ്ധ്യേ
സ്ഥാപയിത്വാ രഥോത്തമം

25. ഭീഷ്മദ്രോണപ്രമുഖതഃ
സര്‍വേഷാം ച മഹീക്ഷിതാം
ഉവാച പാര്‍ത്ഥ പശ്യൈതാന്‍
സമവേതാന്‍ കുരൂനിതി

ഭാരത = അല്ലയോ ഭാരത (അല്ലയോ ധൃതരാഷ്ട്രരേ)
ഗുഡാകേശേന = അര്‍ജ്ജുനനാല്‍
ഏവം ഉക്തഃ = ഇപ്രകാരം പറയപ്പെട്ട
ഹൃഷീകേശഃ =കൃഷ്ണന്‍
ഉഭയോ സേനയോ
ഭീഷ്മദ്രോണപ്രമുഖതഃ സര്‍വേഷാം ച മഹീക്ഷിതാം മദ്ധ്യേ = രണ്ടു സേനകളുടെയും ഭീഷ്മര്‍ ദ്രോണര്‍ തുടങ്ങി സര്‍വ രാജാക്കന്മാരുടെയും മദ്ധ്യത്തിലായി
രഥം സ്ഥാപയിത്വാ= രഥത്തെ നിര്‍ത്തിയിട്ട്‌
പാര്‍ത്ഥ= അല്ലയോ അര്‍ജ്ജുനാ
സമവേതാന്‍ കുരൂന്‍ പശ്യ ഇതി ഉവാച= കൂടിയിട്ടുള്ള കുരുക്കളെ കണ്ടാലും എന്നു പറഞ്ഞു

യുദ്ധഭൂമിയിലെത്തിയ അര്‍ജ്ജുനന്‌ വിഷാദമുണ്ടായിരുന്നു എന്നും അതിനുള്ള മരുന്നായിട്ടാണ്‌ ഗീത ഉപദേശിച്ചത്‌. എന്നാല്‍ ഇവിടെ നോക്കുക.

അര്‍ജ്ജുനന്‌ യാതൊരു വിഷാദവുമില്ല, എന്നു മാത്രവുമല്ല നല്ല ഉഷാറിലും ആണ്‌. തനിക്കെതിരേ പോരാടുവാനും, ദുര്യോധനന്‌ പ്രിയം ചെയ്യുവാനും ആരൊക്കെ ആണ്‌ അണി നിരന്നിരിക്കുന്നത്‌ എന്നു വിശദമായി കാണുവാന്‍ തന്നെയാണ്‌ രഥം മദ്ധ്യത്തില്‍ നിര്‍ത്തുവാന്‍ ആവശ്യപ്പെടുന്നത്‌. ഇവിടെ അര്‍ജ്ജുനനെ പറയുവാന്‍ ഉപയോഗിച്ച വാക്ക്‌ ശ്രദ്ധിച്ചുവോ?"ഗുഡാകേശന്‍ " എന്നു പറഞ്ഞാല്‍ ഗുഡാകയെ അത്‌ആയത്‌ നിദ്രയെ അതിജീവിച്ചവന്‍ - നിദ്ര എന്നതു കൊണ്ട്‌ ഇവിടെ തമോഗുണത്തെ മുഴുവനും ഉദ്ദേശിച്ചിരിക്കുന്നു.

അങ്ങനെ ഏറ്റവും വീര്യവാനായി നിന്ന അര്‍ജ്ജുനനാണ്‌ പിന്നീട്‌ വിഷാദത്തിനടിമപ്പെടുന്നത്‌. ഈ വിഷാദം വരാനുള്ള കാരണവും അതിനുള്ള ആത്യന്തികമായ നിവാരണവും ആണ്‌ ഭഗവത്‌ ഗീത എന്ന മഹത്‌ ഗ്രന്ഥത്തിന്റെ വിഷയം

സഞ്ജയന്‍ ഇത്തവണ ധൃതരാഷ്ട്രരെ വിളിക്കുന്നത്‌ ഭാരത എന്നാണ്‌. ധൃത രാഷ്ട്രര്‍ എന്ന വാക്കിനു തന്നെ അര്‍ഥം രാഷ്ട്രത്തെ ധരിച്ചിരിക്കുന്നവന്‍ എന്നാണ്‌ അതു മാറ്റി ഭാരതനാകുവാന്‍ - ഭാരതത്തിന്റെ മുഴുവന്‍ നിലനില്‍പ്പിനു വേണ്ടി പ്രവര്‍ത്തിക്കുന്നവന്‍- ഉള്ള; ഒരു യുദ്ധം ഒഴിവാക്കാനുള്ള സന്മനസ്സു കാണിക്കുന്നു എങ്കില്‍ കാണിക്കുവാന്‍ പറയുന്നു എന്നു തോന്നുന്നു.
കൃഷ്ണനെ വിളിക്കുവാന്‍ ഉപയോഗിച്ചത്‌ ഇപ്പോഴും ഇന്ദ്രിയനിയന്താവ്‌ എന്നര്‍ഥം വരുന്ന ഹൃഷീകേശന്‍ എന്നു തന്നെ.

സംസ്കൃതത്തില്‍ സന്ദര്‍ഭത്തിനനുസരിച്ച്‌ പല പല പര്യായപദങ്ങളുപയോഗിച്ചായിരിക്കും ഓരോ കാര്യം പറയുന്നത്‌. ഒരു വാക്കിന്‌ പല പര്യായപദങ്ങളുണ്ടെങ്കിലും അതിനെല്ലാം ഒരേ അര്‍ത്ഥമായിരിക്കില്ല. വിശിഷ്ടാര്‍ത്ഥങ്ങള്‍ വേണ്ടിടത്ത്‌ അതിനനുസരിച്ച പദം പ്രയോഗിക്കുന്നു .

4 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അര്‍ജ്ജുനന്‌ യാതൊരു വിഷാദവുമില്ല, എന്നു മാത്രവുമല്ല നല്ല ഉഷാറിലും ആണ്‌. തനിക്കെതിരേ പോരാടുവാനും, ദുര്യോധനന്‌ പ്രിയം ചെയ്യുവാനും ആരൊക്കെ ആണ്‌ അണി നിരന്നിരിക്കുന്നത്‌ എന്നു വിശദമായി കാണുവാന്‍ തന്നെയാണ്‌ രഥം മദ്ധ്യത്തില്‍ നിര്‍ത്തുവാന്‍ ആവശ്യപ്പെടുന്നത്‌. ഇവിടെ അര്‍ജ്ജുനനെ പറയുവാന്‍ ഉപയോഗിച്ച വാക്ക്‌ ശ്രദ്ധിച്ചുവോ?"ഗുഡാകേശന്‍ " എന്നു പറഞ്ഞാല്‍ ഗുഡാകയെ അത്‌ആയത്‌ നിദ്രയെ അതിജീവിച്ചവന്‍ - നിദ്ര എന്നതു കൊണ്ട്‌ ഇവിടെ തമോഗുണത്തെ മുഴുവനും ഉദ്ദേശിച്ചിരിക്കുന്നു.

അങ്ങനെ ഏറ്റവും വീര്യവാനായി നിന്ന അര്‍ജ്ജുനനാണ്‌ പിന്നീട്‌ വിഷാദത്തിനടിമപ്പെടുന്നത്‌. ഈ വിഷാദം വരാനുള്ള കാരണവും അതിനുള്ള ആത്യന്തികമായ നിവാരണവും ആണ്‌ ഭഗവത്‌ ഗീത എന്ന മഹത്‌ ഗ്രന്ഥത്തിന്റെ വിഷയം

Unknown said...

പണിക്കര്‍ജീ,

ആദ്യമേ തന്നെ ഈ സദുദ്യമത്തിന് സര്‍വ്വവിധ ഭാവുകങ്ങളും നേരുന്നു.
ആദ്യത്തെ യൂണിക്കോഡ് ഭഗവത്‌ഗീതാ വ്യാഖ്യാനമെന്ന പേരില്‍ ഇത് ചരിത്രത്തില്‍ ഇടം നേടട്ടെ എന്നാശംസിക്കുന്നു.

ആവശ്യമുള്ള വരും തലമുറയ്ക്ക് ഇ-മീഡിയയില്‍ ഇതു ലഭ്യമാക്കുക എന്ന താങ്കളുടെ ദൌത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഈശ്വരാനുഗ്രഹമുണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

ആദ്യം ഒന്നു രണ്ടു ഭാഗങ്ങള്‍ വായിച്ചിരുന്നു കമന്റാന്‍ പറ്റിയിരുന്നില്ല. പിന്നീടിപ്പോഴാണ് വായിക്കുന്നത്.നന്നാകുന്നുണ്ട്.

ശ്ലോകം,പദങ്ങളുടെ അര്‍ത്ഥം,ഗദ്യ വ്യാഖാനം എന്നിവ ചിട്ടയായി കൊടുക്കുന്നത് നന്നായിരിക്കും.
ഇവയ്ക്കിടയില്‍ അല്പം വിടവ് ഒഴിച്ചിടുകയും വേണമെന്നാണ് എന്റെ അഭിപ്രായം ഇതിപ്പൊള്‍ ആകെ കൂടിക്കുഴഞ്ഞതു പോലെ തോന്നിക്കമ്പോള്‍ ഒരു വായനാസുഖം ലഭിക്കുന്നില്ല.

മുന്‍‌വ്യാഖ്യാനങ്ങളൊക്കെ വ്യാഖ്യാതാവിന്റെ എഴുത്തു പ്രക്രിയ പൂര്‍ണ്ണമായ ശേഷം വായനക്കരന്റെ മുന്നിലെത്തിയവയാണ്. അവയിലൊന്നും രചനയ്ക്കിടയില്‍ രചയിതാവ് വായനക്കാരന്റെ വീക്ഷണകോണുകളറിയാനോ അതു വ്യാഖ്യാതാവിന്റെ ഭാഷ്യങ്ങളെ സ്വാധീനിക്കുവാനോ
ഇടവന്നിട്ടില്ല.
ഇവിടെ സമഗ്രമായ ആശയവിനിമയങ്ങളിലൂടെ വ്യാഖ്യാതാവും ശ്രോതാവും സമരസപ്പെടുന്നതിലൂടെ
ഉരുത്തിരിഞ്ഞു വരുന്ന ഒരു നവലോകപ്രസക്തമായ ഗീതാഭാഷ്യമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

മറ്റെല്ലാ വിഷയങ്ങളുമെന്നപോലെ ഇതിലും ഗുണപരമായി ഇടപെടാനും അഭിപ്രായങ്ങള്‍ പറയാനും അറിവും പക്വതയുമുള്ള അനേകം പേര്‍ ഈ ബൂലോഗത്തുണ്ട് അവരതു ചെയ്യുമെന്നും അതിലൂടെ ഇതു വിജയകരമായി പൂര്‍ത്തിയാക്കാന്‍ താങ്കള്‍ക്ക് സര്‍വ്വപിന്തുണയും നല്‍കുമെന്നും പ്രതീക്ഷിക്കുന്നു
.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പ്രിയ പൊതുവാള്‍ജി,

നല്ല വാക്കുകള്‍ക്‌ ആദ്യമേ നന്ദി.

മുമ്പൊരിക്കല്‍ ഭഗവത്‌ ഗീതയിലെ ശ്ലോകങ്ങള്‍ക്ക്‌ വികലമായ അര്‍ത്ഥങ്ങള്‍ ബ്ലോഗില്‍ തന്നെ കണ്ടിരുന്നു. അന്നു തോന്നിയതാണ്‌ വെറുതേ ഒരു വ്യാഖ്യാനം എഴുതിയിടുക എന്ന്‌ . തന്നെയുമല്ല ഞാന്‍ മുകളില്‍ കൊടുത്തിരിക്കുന്ന വ്യാഖ്യാനങ്ങളില്‍ പലതും ഇന്ന്‌ ലഭിക്കുവാന്‍ തന്നെ ബുദ്ധിമുട്ടാണ്‌. അതു കൊണ്ടും ഈ ഒരു ശ്രമം നല്ലതായിരിക്കും എന്നു തോന്നി.

നിങ്ങളുടെ ഒക്കെ അനുഗ്രഹമുണ്ടെങ്കില്‍ ഇതു ഭംഗിയായി മുഴുമിപ്പിക്കുവാന്‍ സാധിക്കും എന്നു പ്രതീക്ഷിക്കുന്നു.
ഞാന്‍ പാരഗ്രാഫ്‌ തിര്‍ഇച്ച്‌ ഒക്കെ അല്ലേ എഴുതിയിരിക്കുന്നത്‌? ഇനിയും കൂടുതല്‍ വൃത്തിയാക്കാന്‍ ശ്രമിക്കാം.

ഒരിക്കല്‍ കൂടി നന്ദി

വേണു venu said...

പണിക്കര്‍‍ മാഷേ തുടര്‍ച്ചയായി വായിക്കുന്നു. പല പുതുമകളോടെ തന്നെ നന്നാകുന്നു.:)