Thursday, November 20, 2008

ഭഗവത്‌ ഗീത 2 - 47

47. കര്‍മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന
മാ കര്‍മ്മ ഫലഹേതുര്‍ഭൂ മാ തേ സംഗോസ്ത്വകര്‍മ്മണി

തേ കര്‍മ്മണി ഏവ അധികാരഃ= നിനക്ക്‌ കര്‍മ്മത്തില്‍ മാത്രമാണധികാരം.
ഫലേഷു കദാചന മാ അധികാരഃ = ഫലങ്ങളില്‍ ഒരുകാലത്തും അധികാരം ഉണ്ടാകരുത്‌.
കര്‍മ്മഫലഹേതുഃ മാ ഭൂ = കര്‍മ്മഫലത്തിനു ഹേതുവായിട്ടും നീ ഭവിക്കരുത്‌.
അകര്‍മ്മണി സംഗഃ തേ മാ അസ്തു= അകര്‍മ്മത്തില്‍ സംഗവും നിനക്ക്‌ ഉണ്ടാകരുത്‌.

കത്തിച്ചു വച്ച ദീപത്തിനു മുകളില്‍ കൈ കാണിച്ചാല്‍ പൊള്ളും. അത്‌ നാം നല്ല തണുപ്പു കിട്ടണം എന്നു വിചാരിച്ചായാലും പൊള്ളുകയേ ഉള്ളു. അപ്പോള്‍, ചെയ്യുന്ന കര്‍മ്മത്തിനനുസരിച്ചുള്ള ഫലം നാം ആശിച്ചാലും ഇല്ലെങ്കിലും ലഭിക്കും. പിന്നെ ആ ഫലം നമ്മുടെ ആത്മാവിനെ സ്പര്‍ശിക്കുന്നോ ഇല്ലയോ എന്നു മാത്രമേ ഉള്ളു പ്രശ്നം.

ഇതിന്റെ താല്‍പര്യവും ശ്രീ പണ്ഡിറ്റ്‌ ഗോപാലന്‍ നായര്‍ അവര്‍കളുടെ വാക്യം തന്നെ എഴുതാം
"ബ്രഹ്മജ്ഞാനി മാത്രമാണ്‌ സര്‍വകര്‍മ്മസന്യാസത്തിനര്‍ഹന്‍. നിനക്കു ശോകമോഹാദിസംസാരധര്‍മ്മങ്ങള്‍ ഉള്ളതായിട്ടു കാണപ്പെടുന്നതിനാല്‍ സര്‍വകര്‍മ്മസന്യാസത്തിനുള്ള യോഗ്യത സിദ്ധിച്ചിട്ടില്ല.അതുകൊണ്ട്‌ ചിത്തശുദ്ധിയ്ക്കു കാരണമായിരിക്കുന്ന സ്വധര്‍മ്മം ഫലകാംക്ഷ കൂടാതെ നടത്തണം എന്നുപദേശിക്കുന്നു. ഹെ അര്‍ജ്ജുന നിനക്കു ശ്രുതിസ്മൃതികളാല്‍ നിശ്ചയിക്കപ്പെട്ട നിത്യനൈമിത്തികകര്‍മ്മങ്ങളില്‍ തന്നെയാകുന്നു അധികാരം. ഫലകാംക്ഷ കൂടാതെ അവ നടത്തണം. അതുകൊണ്ട്‌ ചിത്തശുദ്ധിയും തദ്വാരാ ജ്ഞാനവും ലഭിക്കും. തദനന്തരം സര്‍വകര്‍മ്മസന്യാസയോഗ്യതയുണ്ടാകും അതുവരെ സ്വധര്‍മ്മം ചെയ്യണം. ഫലം കാംക്ഷിക്കരുതെന്നതില്‍ തന്നെ നിഷ്കര്‍ഷയുണ്ടാകണം. ഫലശൂന്യമായകര്‍മ്മമേ വേണ്ടെന്നും വയ്ക്കരുത്‌. ഫലകാംക്ഷയുണ്ടായാല്‍ സ്വര്‍ഗ്ഗാദിപ്രാപ്തിയുണ്ടാകും, പുനര്‍ജ്ജന്മത്തിനും കാരണമാകും. വൃക്ഷത്തില്‍ നിന്നും വിത്ത്‌ വിത്തില്‍ നിന്നും വൃക്ഷം ഇങ്ങനെ അവധിയില്ലാത്ത ജനനമരണങ്ങള്‍ക്കിടവരും. ഈശ്വരാരാധനരൂപമായ കര്‍മ്മം പുനര്‍ജ്ജന്മകാരണമാകുകയില്ല എന്നു സാരം"

Wednesday, November 19, 2008

ശ്രീമദ്‌ ഭഗവത്‌ ഗീത 2 - 44. -46

44. ഭോഗൈശ്വര്യപ്രസക്താനാം തയാപഹൃതചേതസാം
വ്യവസായാത്മികാ ബുദ്ധിഃ സമാധൗ ന വിധീയതേ

തയാ അപഹൃതചേതസാം ഭോഗൈശ്വര്യപ്രസക്താനാം = ആ വാക്കുകളാല്‍ അപഹരിക്കപ്പെട്ട വിചാരത്തോടു കൂടിയവരും ഭോഗത്തിനുവേണ്ടി ഐശ്വര്യം സമ്പാദിക്കുന്നതില്‍ തല്‍പരരായവരും ആയവരുടെ
സമാധൗ വ്യവസായാത്മികാ ബുദ്ധിഃ ന വിധീയതേ = അന്തഃകരണത്തില്‍ നിശ്ചയാത്മികയായ ബുദ്ധി പ്രവേശിക്കുകയില്ല

മേല്‍പ്പറഞ്ഞ പ്രകാരം താന്താങ്ങളുടെ ഭൗതികസുഖങ്ങള്‍ക്കുവേണ്ടി കര്‍മ്മകാണ്ഡപ്രോക്തങ്ങളായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ക്ക്‌, ചിത്തശുദ്ധുയുണ്ടാവുകയില്ല. അതിനാല്‍ തന്നെ അവര്‍ക്ക്‌ കര്‍മ്മയോഗമോ ആത്മജ്ഞാനമോ ഉണ്ടാകുകയും ഇല്ല.

45. ത്രൈഗുണ്യവിഷയാ വേദാ നിസ്ത്രൈഗുണ്യോ ഭവാര്‍ജ്ജുന
നിര്‍ദ്വന്ദ്വോ നിത്യസത്വസ്ഥോ നിര്യോഗക്ഷേമ ആത്മവാന്‍

വേദാഃ ത്രൈഗുണ്യവിഷയാഃ = വേദങ്ങള്‍ ത്രിഗുണങ്ങളെ അധികരിച്ചുള്ളവയാണ്‌.

ഹേ അര്‍ജ്ജുന = അല്ലയോ അര്‍ജ്ജുനാ

നിസ്ത്രൈഗുണ്യഃ ഭവ = നീ ത്രിഗുണങ്ങളെ അതിക്രമിച്ചവനായി ഭവിക്കുക.
നിത്യസത്വസ്ഥഃ നിര്യോഗക്ഷേമഃ നിര്‍ദ്വന്ദ്വഃ ഭവ = നിത്യവും സത്വഗുണത്തില്‍ ഇരിക്കുന്നവനും, യോഗക്ഷേമങ്ങളെ അതിക്രമിച്ചവനും, ഇഷ്ടാനിഷ്ടങ്ങളെ അതിക്രമിച്ചവനും ആയി ഭവിക്കുക.

തമസ്‌, രജസ്‌ , സത്വം എനീ ത്രിഗുണങ്ങള്‍ക്കധീനമായി വര്‍ത്തിക്കുന്ന പ്രപഞ്ചത്തെ ക്രമേണ തമസില്‍നിന്നും ഉയര്‍ത്തി, രജസില്‍ കൂടി സത്വത്തില്‍ എത്തിക്കുന്നകര്‍മ്മങ്ങളെ പ്രതിപാദിക്കുന്നവയാണ്‌ വേദങ്ങള്‍.
അതിനാല്‍ നീ അതിന്റെ അവസാനത്തെ ഘട്ടമായ സത്വത്തില്‍ സ്ഥിതി ചെയ്യുന്നവനാകുക.

46. യാവാനര്‍ത്ഥ ഉദപാനേ സര്‍വതഃ സമ്പ്ലുതോദകേ
താവാന്‍ സര്‍വേഷു വേദേഷു ബ്രാഹ്മണസ്യ വിജാനതഃ

ഈ ഒരു ശ്ലോകത്തിന്റെ അര്‍ത്ഥം ഞാന്‍ ശ്രീ പണ്ഡിറ്റ്‌ ഗോപാലന്‍ നായര്‍ അവര്‍കള്‍ എഴുതിയത്‌ അതുപോലെ പകര്‍ത്താം

ഉദപാനേ = ജലാശയത്തില്‍
യാവാന്‍ = എത്രത്തോളം
അര്‍ത്ഥഃ = പ്രയോജനമോ
സര്‍വതഃ സമ്പ്ലുതോദകേ = സമുദ്രത്തില്‍ അതു മുഴുവനും ഉണ്ട്‌
വിജാനതഃ = ബ്രഹ്മജ്ഞാനമുള്ള
ബ്രാഹ്മണസ്യ = ബ്രാഹ്മണന്‌
സര്‍വേഷു വേദേഷു = എല്ലാ വേദങ്ങളിലും
താവാന്‍ = അത്രമാത്രമേ ഉള്ളു

കര്‍മ്മങ്ങളില്‍ ഫലം കാംക്ഷിക്കാതെ ഈശ്വരനെ ആരാധിക്കാനായി സമര്‍പ്പിച്ചാല്‍ ഭോഗസാധനങ്ങളൊന്നുമില്ലാത്ത കര്‍മ്മസന്യാസി എങ്ങനെ ശരീരയാത്ര നിര്‍വഹിക്കും? എങ്ങനെ അവനു സുഖമുണ്ടാകും എന്നുള്ള ശങ്കക്കു സമാധാനം പറയുന്നു.


ലോകത്തില്‍ അവിടവിടെ ഉള്ള ഗംഗ, യമുന ഗോദാവരി ഇത്യാദി സകല നദികളിലും പുഷ്കരം മുതലായ പുണ്യതീര്‍ത്ഥങ്ങളിലും പ്രത്യേകം പ്രത്യേകം സ്നാനപൂജാദികള്‍ ചെയ്താല്‍ എത്രമാത്രം പുണ്യം ലഭിക്കുമോ അത്രയും പുണ്യം സമുദ്രസ്നാനം കൊണ്ടു സിദ്ധിക്കും സമുദ്രത്തില്‍ സകലനദികളും അടങ്ങുന്നുവല്ലൊ. അതുപോലെ ഋഗാദിവേദോക്തകര്‍മ്മങ്ങള്‍ കൊണ്ടും സാര്‍വഭൗമാദിസ്ഥാനപ്രാപ്തികൊണ്ടും എന്തൊരാനന്ദം ലഭിക്കുമോ അത്രയുമാനന്ദം ബ്രഹ്മജ്ഞാനിയായ ബ്രാഹ്മണനുണ്ട്‌. ആനന്ദനിധാനം ബ്രഹ്മം അതില്‍ മര്‍ത്യാനന്ദം മുതല്‍ ബ്രഹ്മാവിന്റെ ആനന്ദം വരെയുള്ള ശതവിധാനന്ദവും ഉള്‍പ്പെടുന്നു. അതുകൊണ്ട്‌ കര്‍മ്മസന്യാസദ്വാരാ അന്തഃകരണശുദ്ധിയും തദ്വാരാ ബ്രഹ്മജ്ഞാനവുമുണ്ടായാല്‍ വിഷയാനന്ദമാവശ്യമില്ലാതെയാകുന്നു. ബ്രഹ്മാനന്ദത്തിന്റെ ലേശാംശം മാത്രമേ മനുഷ്യര്‍ മുതല്‍ ബ്രഹ്മാവു വരെ ഉള്ളവര്‍ അനുഭവിക്കുന്നുള്ളു. ബ്രഹ്മാനന്ദമോ വാക്കിനും മനസ്സിനും വിഷയമല്ലാത്തവിധത്തില്‍ അവധിയില്ലാത്തതാകുന്നു. അതറിഞ്ഞാനന്ദസമുദ്രത്തില്‍ മുങ്ങികിടക്കുന്നവന്‌ ക്ഷുദ്രാനന്ദത്തില്‍ എങ്ങനെ ആഗ്രഹമുണ്ടാകും? കര്‍മ്മസന്യാസിക്കു വിഷയസുഖാഭാവത്തില്‍ ദുഃഖമല്ല നേരേ മറിച്ച്‌ നിരതിശയസുഖമാണൂള്ളതെന്നുറപ്പിച്ചു